Thursday, July 14, 2016

കുക്കു (കഥ)




കുക്കു (കഥ)
രചന: സുനിൽ എം എസ്, മൂത്തകുന്നം

ഞായറാഴ്ചകളിൽ പത്രം വന്നാലുടൻ മുറ്റത്തെ പണികൾക്കൊക്കെ താത്കാലികാവധി പ്രഖ്യാപിച്ച് രണ്ടുപേരും അകത്തു കയറും. പിന്നെ പത്രം ഊണുമേശമേൽ വിടർത്തി വിരിച്ചു വായന. മേശയുടെ ഒരു പകുതി ശാരിയ്ക്ക്. മറ്റെത് എനിയ്ക്കും. മുഖപ്രസംഗമുള്ള ഭാഗം മാത്രം എനിയ്ക്ക്
, ബാക്കിയൊക്കെ അവൾക്ക്. അവൾ വായിച്ചുതീരുന്നതിനനുസരിച്ച് ഷീറ്റുകൾ ഓരോന്നോരോന്നായി എനിയ്ക്കു കിട്ടുന്നു.

മുഖപ്രസംഗത്തിൽ അവൾക്കു താത്പര്യമില്ല. അതിപ്പൊ ആർക്കാ, എന്താ എഴുതാൻ പാടില്ലാത്തത്! വാർത്തകളാണു വായിയ്ക്കേണ്ടത്. നാട്ടിലെന്തൊക്കെ നടന്നു എന്നറിയണ്ടേ?” അവൾ ചോദിയ്ക്കും. ചരമത്തിന്റെ പേജു പോലും അതീവശ്രദ്ധയോടെ വായിയ്ക്കുന്നു. ഒരറ്റം മുതൽ മറ്റേയറ്റം വരെ. കൂലങ്കഷമായ ചരമവായനകാണുമ്പോൾ ഞാനൊരു കുസൃതിച്ചോദ്യമെറിയും, ലിസ്റ്റിൽ ടിക്കു ചെയ്യുന്നില്ലേ?” “ആരൊക്കെപ്പോയീ എന്നറിഞ്ഞേ തീരൂ,” എന്നു പറഞ്ഞുകൊണ്ട് അവൾ വായന തുടരും.

ഒരു ദിവസം പതിവു വായന തുടങ്ങി അല്പം കഴിഞ്ഞപ്പോൾ വീടിന്റെ പുറകുവശത്ത് ഒരാരവം. കാക്കകൾ. ആരവം പെട്ടെന്നു കൂടി.

പട്ടി കോഴിയെപ്പിടിച്ചിട്ടുണ്ടാകും,” ശാരി ഊഹം പ്രകടിപ്പിച്ചു.

ആ ഊഹം ശരിയാകാൻ സാദ്ധ്യതയില്ല. വീട്ടിൽ പട്ടിയില്ല. കോഴിയുമില്ല. തൊട്ടയല്പക്കങ്ങളിലുമില്ല, പട്ടി. കോഴികളുണ്ട്. പട്ടികളില്ലാത്ത നിലയ്ക്ക് കോഴിയെപ്പിടിച്ചുകാണാൻ വഴിയില്ല.

ആരവം കൂടുന്നു. പുറത്തിറങ്ങി നോക്കിയേ തീരൂ.

ചേട്ടാ, കാക്ക തലയിലിട്ടു ഞോടും. ആ വടി കയ്യിലിരുന്നോട്ടെ.

പണ്ട്, അച്ഛൻ പട്ടാളത്തിൽ നിന്നു കൊണ്ടുവന്ന, ഇന്ത്യൻ ആർമിയുടെ ചിഹ്നമുള്ള സുന്ദരമായ വടി മീൽ‌സേഫിന്റെ മുകളിൽ, ഗണപതിവിഗ്രഹത്തിന്റെ മുമ്പിൽ തയ്യാറായി ഇരിപ്പുണ്ട്. അതെടുത്തു വീശിക്കൊണ്ട്, ഒരു മേജറിന്റെ ഗമയിൽ ഞാൻ പുറത്തിറങ്ങി നോക്കി.

എവിടേയും കാക്കകൾ തന്നെ. കിണറ്റുവക്കത്ത്, വിറകുപുരയുടെ മുകളിൽ, കടപ്ലാവിന്മേൽ, സൺഷേയ്ഡിന്മേൽ. ചിലതു മുറ്റത്തെ അയകളിൽ ഇരുന്നാടുന്നു. കാക്കകളുടെ സമുദ്രം തന്നെ. അന്തരീക്ഷം പ്രക്ഷുബ്ധം!

എന്നെ കണ്ട പാടെ ആരവം കൂടി. എന്റെ വടി രൌദ്രഭാവത്തിൽ ഉയർന്നതോടെ ഭൂരിപക്ഷം കാക്കകളും പറപറന്നു. ചിലത് അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിച്ചെങ്കിലും, വടിവീശുന്നതിനു പുറമെ നിലത്തു നിന്നൊരു കല്ലു പെറുക്കിയെടുക്കാൻ കൂടി ഞാനൊരുമ്പെടുന്നതു കണ്ടപ്പോൾ അവയും സ്ഥലം വിട്ടു.

ചുറ്റും നോക്കിയപ്പോൾ, സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് രണ്ടു മൂന്നെണ്ണം കൂടി അവിടവിടെയായി ഇരിപ്പുണ്ട്. ഞാൻ സത്യമായും കല്ലെറിയുമോ എന്നൊരു സംശയത്തിലായിരുന്നു അവയുടെ ഇരിപ്പ്. ഈ കാക്കകളുടെ ബുദ്ധി അപാരം തന്നെ. എന്നെക്കണ്ട് ‘ഓ, ഇദ്ദേഹം കല്ലെടുത്തെറിയാൻ സാദ്ധ്യതയില്ല’ എന്ന നിഗമനത്തിൽ അവയെത്തിയിരുന്നിരിയ്ക്കണം. അവ മുന്നോട്ടു തിരിഞ്ഞിരുന്ന് എന്റെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു. അതിലടങ്ങിയിരുന്ന പരിഹാസം എന്നെ പ്രകോപിപ്പിച്ചു. ഞാൻ കല്ലെടുക്കുക മാത്രമല്ല, പതുക്കെയൊന്ന് എറിയുക കൂടിച്ചെയ്ത്, അവർ തെറ്റിദ്ധരിച്ചിരിയ്ക്കുന്നതു പോലെ ഞാനത്ര നിരുപദ്രവിയൊന്നുമല്ല എന്നു തെളിയിച്ചു കൊടുത്തതോടെ പരിസരം മുഴുവൻ ക്ലീൻ. ഒറ്റ കാക്കയില്ല!

ക്രമസമാധാനം പുനഃസ്ഥാപിയ്ക്കാൻ സാധിച്ചതിൽ അഭിമാനം കൊണ്ടുകൊണ്ട് ഞാനകത്തേയ്ക്കു മടങ്ങിച്ചെന്നു.

എന്തായിരുന്നു പ്രശ്നം?” പത്രത്തിൽ നിന്നു കണ്ണെടുക്കാതെ ശാരി അന്വേഷിച്ചു.

എന്തു പ്രശ്നം. കാക്കകൾ വെറുതെ ഒച്ചയുണ്ടാക്കിയതാ.

അങ്ങനെ വരാൻ വഴിയില്ല. എന്തെങ്കിലും കാരണമില്ലാതെ അവരത്ര വല്യേ ബഹളമുണ്ടാക്കില്ല.

അവളതു പറഞ്ഞു തീർന്നില്ല, പുറത്തു നിന്നൊരു കരച്ചിൽ! കാക്കയുടേതു തന്നെ. പക്ഷേ, ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം.

പത്രം മടക്കിവച്ച് ശാരി മുറ്റത്തിറങ്ങി. വടിയുമായി പിന്നാലെ ഞാനും. കാക്കകൾ വീണ്ടും വന്നാലോ. എന്റെ തലയിൽ ഞോടലേറ്റാലും അവളുടെ തലയെ ഏതു വിധേനയും സംരക്ഷിച്ചേ തീരൂ. ഇന്ത്യൻ ആർമിയുടെ വടിയുയർത്തി ഞാൻ ശാരിയുടെ ശിരസ്സിന് സെഡ് ക്യാറ്റഗറി സുരക്ഷാവലയം തീർത്തു.


ഞങ്ങൾ പുറകുവശത്തെ മുറ്റത്തിറങ്ങി നാലുപാടും പരതിക്കൊണ്ടു നിൽക്കുമ്പോൾ അതേ ശബ്ദം വീണ്ടുമുണ്ടായി.

കെണറ്റിലാ.ശബ്ദത്തിൽ നിന്ന് അതിന്റെ ഉറവിടം ശാരി കൃത്യമായി മനസ്സിലാക്കിയെടുത്തു. ദാ കെടക്കണു, കാക്ക വെള്ളത്തിൽ!

ഞാനും ചെന്നു നോക്കി. ശരിയാണ്. ഒരു കാക്ക വെള്ളത്തിൽ ചിറകു വിരിച്ചു കിടക്കുന്നു. തല പൊക്കിപ്പിടിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട്. അതിനിടയിലാണ് ഇടയ്ക്കിടെ കരയുന്നത്.

കാക്കക്കുഞ്ഞാ, ചേട്ടാ.ചിറകുവിരിച്ചു കിടക്കുന്നതു കണ്ടിട്ട് അതൊരു കുഞ്ഞു കാക്കയായി എനിയ്ക്കു തോന്നിയില്ല. വെറുതെയല്ല, കാക്കകളെല്ലാം കൂടി ഇത്രയ്ക്കൊച്ച വെച്ചത്.അവൾ കൃത്യമായ കാരണം കണ്ടുപിടിച്ചു; കാക്കക്കുഞ്ഞാണല്ലോ അപകടത്തിൽ പെട്ടുപോയിരിയ്ക്കുന്നത്.

ശാരി ബക്കറ്റിറക്കി. മെല്ലെമെല്ലെ. ആഴം തീരെക്കുറഞ്ഞ കിണർ. വെള്ളം മുട്ടോളം മാത്രം. കാക്കക്കുഞ്ഞിൽ നിന്നും കഴിയുന്നത്ര അകറ്റി ബക്കറ്റു പതുക്കെ വെള്ളത്തിൽ മുക്കിത്താഴ്ത്തി.

, അതിനെ ബക്കറ്റീക്കേറ്റാമ്പറ്റില്ല. തോട്ടീം കൊണ്ടു തോണ്ട്യെടുത്തു കളയണ്ടി വരും.

എന്റെ പ്രവചനത്തോടു പ്രതികരിയ്ക്കാൻ മിനക്കെടാതെ ശാരി ഓപ്പറേഷൻ റെസ്ക്യൂ ശ്രദ്ധയോടെ തുടർന്നു. മുങ്ങിക്കിടന്നിരുന്ന ബക്കറ്റ് പതുക്കെപ്പതുക്കെ കാക്കക്കുഞ്ഞിന്റെയടുത്തേയ്ക്കു നീക്കി. കയർ മെല്ലെത്തിരിച്ച് കാക്കക്കുഞ്ഞിന്റെ തല തൊട്ടിയുടെ പിടിയുടെ ഉള്ളിലൂടെ കടത്തി. ബക്കറ്റ് സ്ലോമോഷനിൽ ഉയരാൻ തുടങ്ങിയപ്പോൾ കാക്കക്കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ നിശ്ചലമായി ചിറകുവിരിച്ചിരുന്നു. ബക്കറ്റ് കാക്കക്കുഞ്ഞുമായി മെല്ലെ ഉയർന്നു വരുന്നതു ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. ഞാനാണതു ചെയ്തിരുന്നതെങ്കിൽ കാക്കക്കുഞ്ഞിന്റെ മുങ്ങിമരണം സുനിശ്ചിതം!

ആഴം കുറഞ്ഞ കിണറാണെങ്കിലും കുറച്ചേറെ സമയമെടുത്തു, ബക്കറ്റു മുകളിലെത്തി കിണറ്റിൻ വക്കത്ത് ഉറച്ചിരിയ്ക്കാൻ. കാക്കക്കുഞ്ഞു പകുതി ബക്കറ്റിലെ വെള്ളത്തിലും പകുതി വെളിയിലുമായി കിടന്നു.

ചാകാറായീന്നു തോന്നണു.കിണറ്റിൽ നിന്നു പുറത്തുകടന്നിട്ടും പറന്നുപോകാതെ മരവിച്ചു കിടക്കുന്ന കാക്കക്കുഞ്ഞിന്റെ അതിജീവനസാദ്ധ്യതയെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്താൻ ഞാനൊരു ശ്രമം നടത്തി. എന്റെ ശ്രമം ശാരിയ്ക്കു പിടിച്ചില്ല. ഒരു നോട്ടം നോക്കി അവളെന്നെ ജീവനോടെ ദഹിപ്പിച്ചു. വിലയിരുത്തൽ ഞാനുടൻ നിറുത്തി.

നിമിഷനേരം കൊണ്ട് അവൾ കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തു. ചിറകുകൾ ഒതുക്കിയപ്പോൾ കാക്കക്കുഞ്ഞ് അവളുടെ കൈയ്യിൽ അനങ്ങാതെയിരുന്നു.

അത് വെറയ്ക്കണു.

ശരിയാണ്. കാക്കക്കുഞ്ഞ് അവളുടെ കൈയിലിരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.
ചേട്ടാ, ആ‍ പച്ചക്കറിപ്പെട്ടീടെ അടീലൊരു പെട്ടീണ്ട്. അതെടുത്ത് വർക്കേരിയേല് വെയ്ക്ക്. അതില് കൊറച്ചു പത്രക്കടലാസും വിരിയ്ക്ക്.

അവളുടെ നിർദ്ദേശങ്ങൾ ഞാൻ യഥാവിധി പാലിച്ചുകഴിഞ്ഞപ്പോൾ അവൾ കാക്കക്കുഞ്ഞിനെ നീലനിറത്തിലുള്ള, വലിയ പ്ലാസ്റ്റിക് ക്രേയ്റ്റിൽ തയ്യാറായിരുന്ന പത്രക്കടലാസുമെത്തയിൽ കിടത്തി. കിടത്തിയ പോലെ തന്നെ അതു കിടന്നു. കാലുകളൂന്നാതെ, ചെരിഞ്ഞ്, കൊക്കു നിലത്തു മുട്ടിച്ച് അതു നിശ്ചലമായിക്കിടന്നു. വിറയൽ പോലും നിലച്ച പോലെ.

അതിന്റെ കഥ കഴിഞ്ഞുഎന്നു ഞാൻ പറയാനൊരുങ്ങുന്നതു മുൻ‌കൂട്ടി മനസ്സിലാക്കി ശാരി ഒറ്റ നോട്ടത്തിലൂടെയൊരു താക്കീതു ഫ്ലാഷു ചെയ്തു. ഞാൻ നിശ്ശബ്ദത പാലിച്ചു. ഭരണഘടനയിൽ നിർദ്ദിഷ്ടമായിരിയ്ക്കുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യമെന്ന മൗലികാവകാശം ഈ വീട്ടിൽ പരിമിതപ്പെടുത്തപ്പെട്ടിരിയ്ക്കുന്നു!

ശാരി കാക്കക്കുഞ്ഞിന്റെ നനഞ്ഞുകുതിർന്ന ശരീരം മുഴുവൻ ഒരു തുണിക്കഷ്ണം കൊണ്ട് ഒപ്പി. മറ്റൊരു തുണി അല്പം ചൂടു പിടിപ്പിച്ച് കാക്കക്കുഞ്ഞിന്റെ ശരീരവും ചിറകുകളും തടവി. കുറഞ്ഞൊരു സമയത്തെ അദ്ധ്വാനം കൊണ്ട് കാക്കക്കുഞ്ഞിന്റെ ശരീരം ഒരുവിധം ഉണങ്ങി. എങ്കിലും സ്വന്തം കാലിൽ ഇരിയ്ക്കാനോ നിൽക്കാനോ ഉള്ള ശേഷി അതിനു കിട്ടിയിരുന്നില്ല. പത്രക്കടലാസ്സിൽ ഇരുത്തിയപ്പോൾ അതു പഴയപടി പെട്ടിയിൽ ചാരി, ചെരിഞ്ഞു കിടന്നു. ജീവന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ.

അധികം താമസിയാതെ ശാരി ചൂടുള്ള ചോറുമായി വന്നു. ഒരു സ്റ്റീൽ കയിലിൽ ഉടച്ച ചോറിട്ട് കാക്കക്കുഞ്ഞിന്റെ കൊക്കിനു നേരെ നീട്ടി. അതു കണ്ട മട്ടുപോലും കാണിച്ചില്ല. അതിന്റെ കണ്ണുകളെവിടെയെന്നു ഞങ്ങളത്ഭുതപ്പെട്ടു; കണ്ണുകൾ കാണാനില്ലായിരുന്നു. അതിനു കണ്ണില്ലെന്നാ തോന്നണെ,ഞാനെന്റെ സംശയത്തിനു ശബ്ദം നൽകി. കൊക്കിനു മുന്നിലെ കയിലും അതിലെ ചോറും കാണാൻ പറ്റിയിരുന്നെങ്കിൽ അത് ഒരു തവണയെങ്കിലും കൊത്തി നോക്കിയേനേ. ജീവനുണ്ടായിരുന്നെങ്കിൽ.

ശാരിയ്ക്കും അങ്ങനെതന്നെ തോന്നിക്കാണണം. പല തവണ നീട്ടിയിട്ടും ചോറിനു നേരെ അതൊന്നു നോക്കുകപോലും ചെയ്യുന്നില്ല. അവൾ കാക്കക്കുഞ്ഞിനെയെടുത്തു നിലത്തു വച്ച്, ഇടതുകൈവിരലുകൾ കൊണ്ട് അതിന്റെ കൊക്കു മെല്ലെ വിടർത്തി അല്പം ചോറ് ഒരു സ്പൂണിൽ കൊക്കിനുള്ളിലേയ്ക്കിട്ടു കൊടുത്തു. കൊക്കിന്മേലുള്ള പിടി വിട്ടതോടെ അതടഞ്ഞു. ചോറ് ഉള്ളിലായി. അല്പനേരം ഒന്നും സംഭവിച്ചില്ല. മിനിറ്റുകൾ കഴിഞ്ഞ് വീണ്ടു കൊക്കു ബലം പ്രയോഗിച്ചു തുറന്നു നോക്കിയപ്പോഴേയ്ക്കു ചോറു മുഴുവനും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

ശാരിയ്ക്കുത്സാഹമായി. മനുഷ്യരെക്കൊണ്ടു പോലും ആഹാരം മൂക്കുമുട്ടെ കഴിപ്പിയ്ക്കാനുള്ള വിരുത് അവൾ സ്വായത്തമാക്കിയിട്ടുണ്ട്. പിന്നെയല്ലേ ഇച്ചെറു കാക്ക! അവൾ വീണ്ടും കൊക്കു തുറന്ന് ചോറു വച്ചുകൊടുത്തു. ഏതാനും മിനിറ്റുകൊണ്ട് അതും അപ്രത്യക്ഷമായി. ജീവനുണ്ടെന്നു തീർച്ച. അല്ലെങ്കിൽ വച്ച ചോറ് വച്ചയിടത്തു തന്നെയിരുന്നേനേ.

അങ്ങനെ കുറേ സമയം കൊണ്ട് കുറച്ചേറെച്ചോറ് കാക്കക്കുഞ്ഞിന്റെ അകത്തായി.
ഇതു കണ്ടില്ലേ?’ എന്ന വിജയഭാവത്തിൽ ശാരിയെന്നെ നോക്കി. അധികം തീറ്റിച്ചു കുഴപ്പമുണ്ടാക്കണ്ട എന്നു ഞാൻ താക്കീതു നൽകിയപ്പോൾ അവൾ കാക്കക്കുഞ്ഞിന്റെ ചോറൂണു തത്കാലം നിറുത്തി, അതിനെ പെട്ടിയിൽ, പത്രക്കടലാസ്സുമെത്തയിൽ മെല്ലെ വച്ചു.

ഇടയ്ക്കിടെ ഞങ്ങൾ വന്നു നോക്കി കാക്കക്കുഞ്ഞിന്റെ സ്ഥിതി വിലയിരുത്തിക്കൊണ്ടിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശാരി മെന്യുവിലെ അടുത്ത കോഴ്‌സുമായെത്തി: കൂടുതൽ പഴുത്തുപോയിരുന്ന ഒരേത്തപ്പഴം നന്നായുടച്ചുണ്ടാക്കിയ കുറുക്ക്.

കാക്കക്കുഞ്ഞ് വച്ചതു പോലെ തന്നെയിരുന്നിരുന്നു. ജീവനുണ്ടോ എന്നു ഞങ്ങൾ സൂക്ഷിച്ചു നോക്കി. നേരിയൊരനക്കമുണ്ടെന്നു തോന്നി. ജീവൻ വെടിഞ്ഞിട്ടില്ല.

ശാരി വീണ്ടും അതിനെയെടുത്തു നിലത്തിരുത്തി, കൊക്കു ബലം പ്രയോഗിച്ചു തുറന്ന്, ഒരു സ്പൂൺ ഏത്തപ്പഴക്കുറുക്ക് കൊക്കിനകത്തു കടത്തി. ചോറിറങ്ങിപ്പോയതിലും വളരെക്കൂടുതൽ സമയമെടുത്താണ് ഏത്തപ്പഴക്കുറുക്ക് ഇറങ്ങിപ്പോയത്. ഏതാനും സ്പൂൺ കുറുക്കു തീറ്റിയ്ക്കാൻ അര മണിക്കൂറെങ്കിലും എടുത്തു കാണണം.

“ഇനി പിന്നെക്കൊടുത്താൽ മതി.എന്റെ ശുപാർശയവഗണിച്ച് രണ്ടു മൂന്നു സ്പൂൺ കൂടി അകത്താക്കിച്ചിട്ടേ ശാരി നിറുത്തിയുള്ളൂ.

ആഹാരം അകത്തു ചെന്നതൊന്നും കാക്കക്കുഞ്ഞ് അറിഞ്ഞ മട്ടില്ല. അതു വീണ്ടും പെട്ടിയിൽ ചാരി, ചെരിഞ്ഞു കിടന്നു.

അന്നു ശാരി പല തവണ ചോറും ഏത്തപ്പഴക്കുറുക്കും കാക്കക്കുഞ്ഞിന്റെയകത്തു ചെലുത്തി. ഇടയ്ക്കു നേരിയ ചൂടുള്ള തുണികൊണ്ട് ഉടലാസകലം തടവി അതിന്റെ തണുപ്പകറ്റി.

രാത്രി ഒന്നു രണ്ടു തവണ ഞാൻ ലൈറ്റിട്ടു നോക്കി. കാക്കക്കുഞ്ഞ് അതേപടി, നിശ്ചലമായിരുന്നു. ജീവന്റെ ലക്ഷണം കണ്ടില്ല.

അതു നേരം വെളുപ്പിയ്ക്കും ന്ന് തോന്നണില്ല,ഞാൻ തെല്ലു ശങ്കയോടെ പറഞ്ഞു.

ഏയ്! അതിനൊരു കൊഴപ്പോമുണ്ടാവില്ല. ഇത്രേക്കെ അകത്തേയ്ക്കു ചെന്നേക്കണതാ. കാലത്തത് പറന്നു നടക്കും.അവളെന്നെ നിഷ്കരുണം ഖണ്ഡിച്ചു.

പതിവു പോലെ, എന്റെ പ്രവചനം തെറ്റി, അവളുടേതു ശരിയായി. രാവിലെ നോക്കുമ്പോൾ കാക്കക്കുഞ്ഞിന്റെ നിലയിൽ ഒരല്പം പുരോഗതി പ്രകടമായി.

പെട്ടിമേൽ ചാരി ചെരിഞ്ഞു കിടക്കുന്ന പതിവ് അതു നിറുത്തിയിരുന്നു. അതിനു സ്വന്തം കാലിന്മേൽ, നേരേ ഇരിയ്ക്കാമെന്നായി. ഒരു വശത്തെ കണ്ണ് പ്രത്യക്ഷപ്പെട്ടു. ഇനി മറ്റേക്കണ്ണു കൂടി വരും,” ശാരി നിസ്സംശയം പ്രവചിച്ചു.

അന്നു തലേ ദിവസത്തേക്കാളും കൂടുതൽ ആഹാരം കാക്കക്കുഞ്ഞു കഴിച്ചു. ആഹാരം കഴിയ്ക്കലിന് വേഗം കൂടി.

ഇന്നലെ ചോറൂണ് നടത്തിക്കഴിഞ്ഞതല്ലേ, ഇന്നു പേരുവിളിയും നടത്താം, ശാരി പറഞ്ഞു.

കാക്കേ എന്നു തന്നെ വിളിയ്ക്കാം.എന്റെ ഭാവനയിലുദിച്ച നിർദ്ദേശം ഞാൻ മുന്നോട്ടു വച്ചു. അനുയോജ്യമായ മറ്റൊരു പേര് എനിയ്ക്കു കണ്ടെത്താനായില്ല.

പോ ചേട്ടാ. കാക്കേന്നല്ലേ പേരിടണത്!ഞാനവതരിപ്പിച്ച പ്രമേയം ചർച്ചയ്ക്കെടുക്കുക പോലും ചെയ്യാതെ അവൾ വീറ്റോ ചെയ്തു. ഇവിടത്തെ ഭരണഘടനയിൽ വീറ്റോയ്ക്കുള്ള അവകാശം മറ്റാർക്കുമില്ല.

അവൾ കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തുപിടിച്ചുകൊണ്ട് അതിന്റെ നേരേ നോക്കി കുക്കൂഎന്നു വിളിച്ചു. അതിശയം!കുക്കുതല ചെരിച്ച് അവളുടെ നേരെ നോക്കിയെന്ന് ഞങ്ങൾക്കിരുവർക്കും തോന്നി. കുക്കുഎന്ന പേര് കാക്കക്കുഞ്ഞ് അംഗീകരിച്ചതു കണ്ടില്ലേ എന്നു ചോദിയ്ക്കുന്ന മട്ടിൽ, അഭിമാനത്തോടെ അവളെന്നെ നോക്കി. അങ്ങനെ പേരുവിളി നടന്നു. തുടർന്ന് ഓരോ മിനിറ്റിലും അവളതിനെ കുക്കൂഎന്നു വിളിച്ചു.

പിറ്റേദിവസം അതിരാവിലെ ചിറകടിയൊച്ച കേട്ടാണു ഞങ്ങൾ അടുക്കളവാതിൽ തുറന്നത്. പൂച്ചയെങ്ങാൻ അകത്തു കയറി കുക്കുവിനെപ്പിടിച്ചോ, ദൈവമേ!

ഞങ്ങളുടെ ഭയാശങ്കകൾ അസ്ഥാനത്തായിരുന്നു. കുക്കു പെട്ടിയുടെ വക്കിൽ കയറി അടുക്കളവാതിൽക്കലേയ്ക്കു തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നു. ആള് ഉഷാറായിട്ടുണ്ട്. തല ചെരിച്ചും തിരിച്ചുമൊക്കെ നോക്കുന്നു. രണ്ടു ദിവസം മുമ്പ് കിണറ്റിൽ മുങ്ങിച്ചത്തുകൊണ്ടിരുന്ന കക്ഷിയാണെന്നു തോന്നുകയേയില്ല.

ദേ ചേട്ടാ, അതിന്റെ മറ്റേക്കണ്ണും വന്നു,” ഒരു വിദഗ്ദ്ധപരിശോധനയ്ക്കു ശേഷം ശാരി ആധികാരികതയോടെ പ്രസ്താവിച്ചു.

കുക്കൂ”. ശാരിയും ഞാനും മാറിമാറി വിളിച്ചു. ശാരി വിളിച്ചപ്പോഴൊക്കെ അതു തല ചെരിച്ച് അവളുടെ നേരേ നോക്കി. എന്നെ അതത്ര കാര്യമാക്കിയിട്ടില്ല എന്നെനിയ്ക്കു തോന്നി. അന്നം തന്ന കൈയ്യോടായിരിയ്ക്കുമല്ലോ സ്നേഹം. അവളുടെ വിളികേട്ട് ഓരോ തവണയും കുക്കു തല ചെരിച്ച് അവളുടെ നേരേ നോക്കിയപ്പോൾ അവൾ നിലത്തൊന്നുമായിരുന്നില്ല. എന്റെ വിളികൾക്ക് പ്രതികരണമൊന്നും ലഭിയ്ക്കാതിരുന്നപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. ഞാൻ ഇളിഭ്യനായി. കാക്കയ്ക്കുണ്ടോ വിവരം!

ശാരി വർക്കേരിയയുടെ പുറത്തേയ്ക്കുള്ള വാതിൽ തുറന്നു മലർത്തി വച്ചു.

അതു പറന്നു പോവില്ലേ?” ഞാൻ ഭയപ്പെട്ടു.

രണ്ടു ദെവസം അത് നന്നായി തിന്നട്ട് ണ്ട്. അതിന് കാഷ്ഠിയ്ക്കേണ്ടി വരും. പുറത്തുപോയിട്ട് വന്നോളും.പക്ഷികളെ ബന്ധനസ്ഥരാക്കുന്നത് അവൾക്കിഷ്ടമല്ല. പക്ഷികൾ കൂട്ടിൽ കിടക്കുന്ന കാഴ്ച അവളെ അസ്വസ്ഥയാക്കാറുണ്ട്. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്നാണു വള്ളത്തോളിനെപ്പോലെ അവളും പറയാറ്.

ഞങ്ങൾ നോക്കിനിൽക്കെ, കുക്കു ചിറകു വിടർത്തി. പിന്നീട് ഇടയ്ക്കിടെ അതാവർത്തിച്ചു. പറക്കാനൊള്ള പ്രാക്ടീസാ,” ശാരി വിശദീകരിച്ചു തന്നു. നാളത്തേയ്ക്കത് പറക്കും.

കുക്കു പെട്ടിയിൽ നിന്നു നിലത്തേയ്ക്കു ചാടിയിറങ്ങി. ചെറിയ കാൽവെപ്പുകളോടെ വർക്കേരിയയിൽ നിന്ന് അടുക്കളവാതിലിനു മുന്നിലുള്ള ചവിട്ടിനടുത്തേയ്ക്കു നീങ്ങി. ആദ്യത്തെ ചവിട്ടിനു മുന്നിലിരുന്നുകൊണ്ട് തല ചെരിച്ച് ശാരിയെ പലവട്ടം നോക്കി. ഇടയ്ക്ക് അടുക്കളയിൽ നിന്നിരുന്ന എന്നേയും.

ചേട്ടനവിടന്നു മാറിക്കൊടുക്ക്. അത് അടുക്കളേലോട്ട് കേറേണെങ്കി കേറട്ടെ.

ഞാൻ മാറിനിന്ന് അടുക്കളയിലേയ്ക്കുള്ള വഴി ക്ലിയറാക്കിക്കൊടുത്തു.

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം കുക്കു ഒന്നാമത്തെ ചവിട്ടിന്മേൽ ചാടിക്കയറി. കയറാനുള്ള എളുപ്പത്തിനായി ചിറകുകൾ ചെറുതായി വിടർത്തിയിരുന്നു. ഏതാനും മിനിറ്റു നേരത്തെ വിശ്രമത്തിനും ആലോചനയ്ക്കും ശേഷം രണ്ടാമത്തെ ചവിട്ടും കയറി. കട്ടിളയും കയറിക്കടന്ന് അടുക്കളയിൽ കാൽ വച്ചു. വീണ്ടും ആലോചന. തല ചെരിച്ചു നോക്കി. അടുത്ത നീക്കം എങ്ങോട്ടു വേണം എന്നാവാം ആലോചിച്ചത്.

അടുപ്പിനടുത്തു ചോറും കറികളും അടങ്ങിയ പാത്രങ്ങളുണ്ട്. കുക്കു കാക്കയുടെ തനിസ്വഭാവം പുറത്തെടുത്തേയ്ക്കുമോ! ഞാൻ നേരിയ ശങ്കയോടെ ശാരിയെ നോക്കി. അവളുടെ മുഖത്ത് യാതൊരു ശങ്കയുമില്ല. അവളതിനെ കൌതുകത്തോടെ നോക്കിനിന്നു.


കുക്കു ചെറിയ ചുവടുകൾ വച്ചുകൊണ്ട്, മെല്ലെമെല്ലെ, അടുക്കളയിൽ നിന്ന് ഊണുമുറിയിലേയ്ക്കു കടന്നു. എനിയ്ക്കാശ്വാസമായി. ചോറും കറികളും സുരക്ഷിതം.

പെട്ടെന്ന്, എന്നെ മാത്രമല്ല, ശാരിയേയും അതിശയിപ്പിച്ചുകൊണ്ട് കുക്കു ഒരൊറ്റച്ചാട്ടം, അല്പം അകന്നുകിടന്നിരുന്ന കസേരകളിലൊന്നിലേയ്ക്ക്. അതിനു വേണ്ടിവന്ന അദ്ധ്വാനം അല്പം കൂടിപ്പോയതുകൊണ്ടാവാം, കസേരയുടെ വക്കിൽ കുറച്ചേറെ നേരമിരുന്നു തളർച്ച മാറ്റി.

ഇതിനിടെ കുക്കൂ എന്നു വിളിച്ചുകൊണ്ടു ശാരിയും അവളുടെ പിന്നാലെ ഞാനും ഊണുമേശയുടെ മറ്റു വശങ്ങളിൽ നിൽപ്പുറപ്പിച്ചു. ശാരി ഇടയ്ക്കിടെ കുക്കൂ എന്നു വിളിച്ച് അതിനെ പ്രോത്സാഹിപ്പിച്ചു.

കുറേക്കഴിഞ്ഞു വീണ്ടുമൊരു ചാട്ടത്തോടെ കുക്കു കസേരയുടെ മുകളിൽ കയറിയിരുന്നു. ആദ്യം അത് ഞങ്ങൾക്കു പുറം തിരിഞ്ഞാണ് ഇരുന്നത്. ഞങ്ങളുടെ വിളി കേട്ടായിരിയ്ക്കണം, പതുക്കെപ്പതുക്കെയത്, കസേരയിൽ മുറുകെപ്പിടിച്ചുകൊണ്ട് ഞങ്ങളുടെ നേരേ തിരിഞ്ഞിരുന്നു.

കസേരേല് കാഷ്ഠിയ്ക്ക്യോ?” ഞാനെന്റെ ആശങ്ക പ്രകടിപ്പിച്ചു. എത്രയായാലും കാക്ക കാക്കതന്നെയല്ലാതിരിയ്ക്കുമോ!

എന്റെ ആശങ്ക ശ്രദ്ധിയ്ക്കുക പോലും ചെയ്യാതെ, “കൊറച്ച് ചോറു കൊണ്ടരാംഎന്നു പറഞ്ഞ് ശാരി അടുക്കളയിലേയ്ക്കു പോയി. അവൾ തിരികെ വരുംവരെ കുക്കു കസേരയുടെ മുകളിൽ തല തിരിച്ചും ചെരിച്ചും നോക്കിക്കൊണ്ടിരുന്നു.

ശാരി ഒരു സ്റ്റീൽ കയിലിൽ ചോറുമായി വന്നു. കുക്കുവിനോടു ചേർന്നു നിന്നു കൊണ്ട് കയിലിലെ ചോറ് കുക്കുവിന്റെ കൊക്കിനു മുന്നിൽ കാണിച്ചു. കുക്കു ഒരു മടിയും കൂടാതെ ചോറു പതുക്കെപ്പതുക്കെ കൊത്തിത്തിന്നു. ചോറു കൊത്തിത്തിന്നുന്നതിനിടയിൽ അതു തലയുയർത്തി അവളെ നോക്കി. വിരളമായെങ്കിലും എന്നെയും.

‘അമൃതേത്തു’ കഴിഞ്ഞു കുക്കു കസേരമുകളിൽ നിന്നിറങ്ങിയതു പറന്നാണ്. പിന്നെ ചാടിച്ചാടി വർക്കേരിയയിലേയ്ക്കു മടങ്ങിപ്പോയി. പെട്ടിവക്കിൽ ചാടിക്കയറി കുറച്ചു നേരം ഇരുന്ന ശേഷം വർക്കേരിയയുടെ തുറന്നുകിടന്നിരുന്ന വാതിലിലൂടെ പുറത്തിറങ്ങി. കുറേ സമയം മുറ്റത്തു ചാടിച്ചാടി നടന്നു. പിന്നാലെ, അല്പമകലത്തിൽ ഞങ്ങളും.

കുക്കുവിനെ കണ്ടാവണം, ഏതാനും കാക്കകൾ വന്ന് അകലെയിരുന്ന്, കുക്കുവിന്റെ നേരേ നോക്കിക്കൊണ്ട്, കാ, കാ എന്നു വിളിച്ചു. കുക്കു അവരെക്കണ്ട് കുറച്ചുനേരം അനങ്ങാതിരുന്നു; ഇടയ്ക്ക് ഞങ്ങളുടെ കുക്കൂഎന്ന വിളികേട്ട് ഞങ്ങളേയും, അവരുടെ കാ, കാ എന്ന വിളി കേട്ട് അവരേയും തല ചെരിച്ചും തിരിച്ചും നോക്കി.

കുക്കു ഒരു ധർമ്മസങ്കടത്തിലായതു പോലെ തോന്നി. എങ്ങോട്ടു പോകണം?

കുക്കു കാക്കകളുടെ അടുത്തേയ്ക്കു പോയാൽ അവർ കുക്കുവിനെ കൊത്തിനോവിയ്ക്കുമോ എന്നു ഞങ്ങൾ ഭയന്നു. അതേ സമയം, കുക്കു അവരുമായി ചങ്ങാത്തം കൂടുന്നെങ്കിൽ അതു കാണാനുള്ള ആകാംക്ഷയുമുണ്ട്. കുക്കു ഒറ്റപ്പെട്ടു പോകരുതല്ലോ.

‘ബോൺ ഫ്രീ’യിൽ ജോയ് ആഡംസൺ എൽ‌സയെന്ന സിംഹത്തെ – സിംഹിണിയെ - സ്വന്തം വീട്ടിൽ വളർത്തുമ്പോൾത്തന്നെ കാട്ടിലെ ജീവിതവുമായും അതിനെ പരിചയിപ്പിച്ച കാര്യമോർത്തു.

കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം കുക്കുവിന്റെ തീരുമാനമായി: അതു ചാടിച്ചാടി കാക്കകളുടെ അടുത്തേയ്ക്കു ചെന്നു.

ഞങ്ങൾ ഭയന്ന പോലുള്ള അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ഒന്നു രണ്ടു കാക്കകൾ കുക്കുവുമായി പല തവണ കൊക്കുരുമ്മുന്നതു കണ്ടു. അച്ഛനും അമ്മേമായിരിയ്ക്കും”, ശാരി ഊഹം പ്രകടിപ്പിച്ചു. അത്ര വലിയ വാത്സല്യപ്രകടനങ്ങളായിരുന്നു, അവരുടേത്.

കുറേയേറെ നേരം ഞങ്ങളതു നോക്കി നിന്നു. സ്വന്തം കൂട്ടരുമായി കുക്കു കൂടിച്ചേരുന്നതു തടസ്സപ്പെടുത്തേണ്ടെന്നു കരുതി ഈ സമയമത്രയും ഞങ്ങൾ കുക്കുവിനെ വിളിച്ചിരുന്നില്ല. പക്ഷേ, കുറേക്കഴിഞ്ഞപ്പോൾ ശാരിയ്ക്കു കൂടുതൽ ക്ഷമിച്ചിരിയ്ക്കാനാകാതെയായി. അവൾ നീട്ടി വിളിച്ചു, “കുക്കൂ...

കുക്കു പെട്ടെന്നു തിരിഞ്ഞ് ഞങ്ങളുടെ നേരേ നോക്കി. ശാരി ഒന്നുകൂടി വിളിച്ചു, “കുക്കൂ, വാ...

പിന്നെക്കണ്ട കാഴ്ച ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും പച്ച പിടിച്ചു നിൽക്കുന്നു.

കുക്കു കാക്കക്കൂട്ടത്തെ വിട്ട്, ചാടിച്ചാടി, ഞങ്ങളുടെ അടുത്തേയ്ക്കു വന്നു!

കുക്കൂ, വാഎന്നു വിളിച്ചുകൊണ്ട് ശാരിയും ഞാനും വർക്കേരിയയ്ക്കുള്ളിലേയ്ക്കു കയറിയപ്പോൾ കുക്കുവും മെല്ലെ ചാടിച്ചാടി ഞങ്ങളുടെ പിന്നാലെ വർക്കേരിയയ്ക്കകത്തേയ്ക്കു കയറി.

അകലെ, കാക്കക്കൂട്ടം വിഷണ്ണരായി നോക്കിനിന്നു.

മനുഷ്യരുടെ വിളികേട്ട് ഒരു കാക്കക്കുഞ്ഞ് സ്വന്തം കൂട്ടത്തെ വിട്ട് മനുഷ്യരുടെയടുത്തേയ്ക്കു വരിക! ആ കാഴ്ച ഞങ്ങളൊരിയ്ക്കലും മറക്കില്ല...

ശാരി കുക്കുവിനെയെടുത്തു പുറം തടവിയപ്പോൾ കുക്കു അനങ്ങാതെയിരുന്ന് ആ വാത്സല്യം നുകർന്നു. കാക്കക്കുഞ്ഞിനുമുണ്ടു സ്നേഹം. ശാരി മുഖമുയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു. ഞാനവളുടെ തോളത്തു കൈ വച്ചു.

അന്നു കുക്കു നല്ല പോലെ ആഹാരം കഴിച്ചു. ചോറ്, പഴം, തക്കാളി, അങ്ങനെയങ്ങനെ. കൊടുത്തതെല്ലാം മടി കൂടാതെ കഴിച്ചു എന്നു തന്നെ പറയണം.

വർക്കേരിയയുടെ വാതിലുകൾ രണ്ടും ഞങ്ങൾ തുറന്നു വച്ച് കുക്കുവിന് പരിപൂർണ്ണ സ്വാതന്ത്ര്യമനുവദിച്ചു. കുക്കു ഒരു തടവുകാരനായിക്കൂടാ. സ്വാഭീഷ്ടമനുസരിച്ച് അകത്തേയ്ക്കും പുറത്തേയ്ക്കും പോകാൻ അതിനു പറ്റണം. കാക്കക്കൂട്ടത്തെ വിട്ട് ഞങ്ങളെ തെരഞ്ഞെടുത്തതുകൊണ്ട് അതു പുറത്തുപോയാലും തിരികെ വരും, വരാതിരിയ്ക്കില്ല.

കുക്കു ആ സ്വാതന്ത്ര്യം ശരിയ്ക്കുപയോഗിച്ചു. പല തവണ മുറ്റത്തു ചാടിച്ചാടി നടന്നു. അത് ഓരോ തവണ മുറ്റത്തിറങ്ങിയപ്പോഴും ഞങ്ങൾ ഉത്കണ്ഠയോടെ പുറത്തിറങ്ങി നോക്കി നിന്നു. രണ്ടു തവണ കുക്കു അകത്തേയ്ക്കും വന്നു. നേരത്തേ ഇരുന്നിരുന്ന അതേ കസേരമേൽ ഒറ്റച്ചാട്ടം കൊണ്ടു കയറിയിരുന്നു. വീണ്ടും കയിലിൽ നിന്നു ചോറുണ്ടു. ശാരിയുടെ തഴുകൽ ആസ്വദിച്ചു. ഞാൻ വിളിച്ചാൽപ്പോലും കുക്കു നോക്കാൻ തുടങ്ങി. ഞാൻ നീട്ടിയ കയിലിൽ നിന്നു പോലും ചോറ് കൊത്തിത്തിന്നു. എനിയ്ക്കും അഭിമാനമായി.

രണ്ടു ദിവസത്തെ പരിചരണം കൊണ്ടു കുക്കു ഒരു സുന്ദരൻ - അതോ സുന്ദരിയോ - ആയി മാറി. ശരീരമാസകലം കറുത്ത നിറം. മിനുങ്ങുന്ന, അഴകുള്ള കറുപ്പ്. ചിറകുകൾക്കു നീളം വച്ച പോലെ. നിലത്തു നിന്നു കസേരമുകളിലേയ്ക്ക് ഒറ്റപ്പറക്കലിനെത്തി. പല തവണ. മുറ്റത്തു തത്തിത്തത്തി നടക്കുന്നതിനിടെ ഒരു തവണ കിണറ്റിൻ വക്കിലും കയറി. കിണറിന്റെ ഉള്ളിലേയ്ക്കു നോക്കുന്നതു കണ്ടില്ല. മൂന്നു ദിവസം മുമ്പ് അതിൽ മുങ്ങിച്ചാകാൻ തുടങ്ങിയിരുന്ന കാര്യം അത് ഓർമ്മിയ്ക്കുന്നുണ്ടായിരുന്നോ ആവോ!

ഒരു കുക്കു വന്നു കയറിയിരിയ്ക്കുന്ന വാർത്ത ചെന്നൈയിലേയ്ക്കും ബെങ്കളൂരുവിലേയ്ക്കും പറന്നു. കുക്കുവോ, അതാരാ? രണ്ടു മക്കളും ചോദിച്ചു. വിശദീകരിച്ചു കൊടുത്തു: കുക്കു ഒരു കാക്കക്കുഞ്ഞാണ്.

കാക്കയോ! അയ്യോ, വേണ്ടാ. അഴുക്കിലും മറ്റും നടന്ന് മാലിന്യങ്ങൾ മുഴുവൻ തിന്നുന്ന പാർട്ടിയല്ലേ, അതിനെ അകത്തേയ്ക്കു കയറ്റുകയേ വേണ്ടാ.

എന്റെ കട്ടിലിന്മേൽ കാഷ്ഠിച്ചിട്ടുണ്ടാകുമോ? അമ്മയൊന്നു ശരിയ്ക്കു നോക്കണം. ഒരാൾ ആശങ്ക പ്രകടിപ്പിച്ചു.

ഇതെങ്ങനെ വന്നു കൂടി? കാക്കകളങ്ങനെ ഇണങ്ങിക്കാണാറില്ലല്ലോ. മറ്റെയാൾക്കു കൌതുകം.

വിവരങ്ങൾ വിശദീകരിച്ചപ്പോൾ രണ്ടു പേരുടേയും ആശങ്ക കുറഞ്ഞു. കുക്കുവിനെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുമായി.

സെൽഫോണിലൂടെയുള്ള വർത്തമാനം മുഴുവൻ കുക്കു കേട്ടിരുന്നു. ഭാവഭേദമൊന്നും കാണിച്ചില്ല. മുഴുവനും മനസ്സിലായിക്കാണില്ല. ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കി ചിന്താവിഷ്ടനാ(യാ)യി.

പിറ്റേദിവസം രാവിലെ കാക്കകൾ വീണ്ടും വന്നു. കുക്കു ചാടിച്ചാടി അവരുടെയടുത്തേയ്ക്കു ചെന്നു.

കാക്കക്കൂട്ടം ഉത്സാഹത്തോടെ പറമ്പിൽ അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിച്ചു. കുക്കു അവരോടൊപ്പം പറന്നുനടന്നു.

തുടക്കത്തിൽ കുക്കുവിന്റെ നീക്കങ്ങൾ കുക്കുവിന്റെ വലിപ്പവ്യത്യാസം കൊണ്ടു ഞങ്ങൾക്കു മനസ്സിലാക്കിയെടുക്കാൻ പറ്റി. പക്ഷേ
, പിന്നീട് അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിയ്ക്കുന്ന കാക്കകളുടെ ഇടയിൽ കുക്കുവിനെ കണ്ടു പിടിയ്ക്കാൻ പ്രയാസപ്പെട്ടു.

അങ്ങനെയിരിയ്ക്കെ, പെട്ടെന്ന്, കാക്കക്കൂട്ടം പറന്നു പോയി. കുക്കുവും ചുറുചുറുക്കോടെ അവരോടൊപ്പം പറന്നു പോയിരിയ്ക്കണം. അതിനു ശേഷിക്കുറവോ തളർച്ചയോ ഉണ്ടായിരുന്നെങ്കിൽ അങ്ങനെയെങ്കിലും ഞങ്ങളതിനെ തിരിച്ചറിയുമായിരുന്നു.

കാക്കക്കൂട്ടം തിരികെ വരാതായപ്പോൾ ഞങ്ങൾ രണ്ടുപേരും കുക്കുവിനെ വിളിച്ചുകൊണ്ടു പുരയിടത്തിലുടനീളം നടന്നു. ടെറസ്സിൽ, ട്രസ്സിനു ചുവട്ടിൽ, കാക്കകൾ വന്നിരിയ്ക്കാറുണ്ട്. അവിടെ തിരഞ്ഞു. കടപ്ലാവിന്മേലുണ്ടോയെന്നു കൊമ്പുകൾക്കിടയിലൂടെ ചാഞ്ഞും ചെരിഞ്ഞും നോക്കി. ചുറ്റുമുള്ള മരങ്ങളിലൊക്കെ സൂക്ഷിച്ചു നോക്കി. വടക്കേ മുറ്റത്തു രണ്ടു മാവുകളുണ്ട്. അവ രണ്ടിലും കാക്കക്കൂടുകളുണ്ട്. രണ്ടു മാവിന്മേലും നോക്കി. വിറകുപുരയുടെ മുകളിൽ നോക്കി.

കുക്കുവിനെ എവിടേയും കണ്ടില്ല.

മറ്റു കാക്കകൾ കുക്കുവിനെ ഉപദ്രവിച്ചിട്ടില്ല. ഉപദ്രവിച്ചിരുന്നെങ്കിൽ കുക്കു ഞങ്ങളുടെയടുത്തേയ്ക്കു തന്നെ തിരിച്ചു വന്നേനേ. പറന്നു കളിച്ചിരുന്ന കാക്കക്കൂട്ടത്തോടൊപ്പം കുക്കുവും മറ്റെവിടെയെങ്കിലും പറന്നു കളിയ്ക്കുന്നുണ്ടാകും.

കുക്കൂ...ശാരിയുടെ കണ്ഠമിടറി. നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി.

പാവം ശാരി!

കുക്കു അവളുടെ കൈയ്യിൽ നിന്നു പല തവണ ആഹാരം കഴിച്ചതും
, അവളുടെ കണ്ണിലേയ്ക്കു തന്നെ നോക്കി അവൾ പറയുന്നതൊക്കെ കേട്ടിരുന്നതും, അവളുടെ വിളികേട്ടു കാക്കക്കൂട്ടത്തെ വിട്ടു തത്തിത്തത്തി വന്നതും, അവളുടെ തലോടലാസ്വദിച്ച്, അവളുടെ കൈയിൽ അരുമയോടെ ഇരുന്നതുമെല്ലാം അവൾക്ക് അത്ര പെട്ടെന്നു മറക്കാൻ പറ്റില്ലല്ലോ.

അവളുടെ കണ്ണു നിറഞ്ഞുകാണുന്നതു ബുദ്ധിമുട്ടാണ്. ഞാനവളെ ചേർത്തണച്ചാശ്വസിപ്പിച്ചു. കുക്കു വരും. വരാതിരിയ്ക്കില്ല.

പക്ഷേ, കുക്കു തിരിച്ചു വന്നില്ല, ഇതുവരെ വന്നിട്ടില്ല.

കുക്കു എവിടെയായിരിയ്ക്കുമിപ്പോൾ? ഞങ്ങളെ ഓർക്കുന്നുണ്ടാവില്ലേ? ശാരിയെ മറക്കാൻ അതിനാകുമോ? അവളുടെ കൈയ്യിൽ നിന്നു കഴിച്ച ഏത്തപ്പഴക്കുറുക്കിന്റെ കാര്യവും വാത്സല്യത്തോടെയുള്ള അവളുടെ തലോടലും മറ്റും അതിനെങ്ങനെ മറക്കാനാകും?

കറുത്തു മിനുങ്ങുന്ന കാക്കകളെ എവിടെവച്ച്, എപ്പോൾ കണ്ടാലും ശാരിയും ഞാനും ആശയോടെ, ആകാംക്ഷയോടെ വിളിച്ചു നോക്കും:

കുക്കൂ...

(“കൂട്ടം ഡോട്ട് കോം” എന്ന ബ്ലോഗ്സൈറ്റിൽ ഞാൻ 2011 നവംബറിൽ പോസ്റ്റു ചെയ്തിരുന്ന ഇക്കഥ സാങ്കല്പികം മാത്രമാണ്. ഇതു പിൽക്കാലത്തു മറ്റു പല ബ്ലോഗ് സൈറ്റുകളിലും പോസ്റ്റു ചെയ്തിരുന്നു. കുറേക്കാലം മുമ്പെഴുതിയതായതുകൊണ്ട് ഈ കഥ പലരും വായിച്ചുകഴിഞ്ഞിട്ടുള്ളതാകാം.)

sunilmssunilms@rediffmail.com




No comments:

Post a Comment